Friday, December 16, 2011

സ്ത്രീയേ,
 വാരിയെല്ലിന്റെ വിഹിതമേ! 
അറിയുക
സൃഷ്ടികര്‍മത്തിന്‍റെ ആദ്യനിമിഷങ്ങളിലേ
ദൈവത്താല്‍ നീ വഞ്ചിക്കപ്പെട്ടിരുന്നു 
ആണെല്ലിനു പകരമായ് നീ കൊടുത്ത മനപ്പാതി
അവനു നല്‍കാതെ ദൈവം നിന്നെ പറ്റിച്ചു 
ഉടല്‍പാതി പിണഞ്ഞാലും പിണയാമനം
 നിന്‍റെ ജന്മ നിയോഗം  
ഉടലിന്‍ കാണാമനം അറിയാന്‍
 ദൈവം മനുഷ്യനല്ലല്ലോ! 

 
നാമിരുവരും  ഒരേ പാതയിലാണ്  .
കാറ്റില്‍  മണ്‍ തരികളുതിര്‍ന്നു നിന്‍റെ കാല്പാടുകള്‍  
മാഞ്ഞുപോവാതിരിക്കാന്‍   
ഞാനവയിലൂടെ തന്നെ  നടക്കുന്നു 

Wednesday, June 1, 2011


പൂച്ച എലിയെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ ?  
വിദഗ്ധമായി പതുങ്ങിചെന്നു  ഒരൊറ്റച്ചാട്ടം !   അര്‍ദ്ധ പ്രാണനായ എലിയെ പിടയാന്‍ വിട്ടു കക്ഷി മാറിയിരുന്നു രസിക്കും. 

എലി  രക്ഷക്കു ളള        ഴുതുകളന്വേഷിക്കുമ്പോ വീണ്ടും....പതിയെചെന്ന് ...തട്ടിനോക്കി 
കടിച്ചു കുടഞ്ഞു ...എലിയുടെ പിടച്ചിലവസാനിക്കുന്നത് വരെ ഇത് തുടര്‍ന്നുകൊണ്ടിരിക്കും 

അടഞ്ഞു പോകുമ്പോള്‍ ,അതുവരെ അനുഭവിച്ച വേദനയെക്കാള്‍ ഒറ്റയടിക്ക് കൊല്ലാനുള്ള യാചനയാണ് എലിയുടെ കണ്ണുകളില്‍.  

എല്ലാ വേട്ടകളും ഇങ്ങനെതന്നെ ആയിരിക്കും. ആസ്വാദനമാണല്ലോ എല്ലാറ്റിനും അടിസ്ഥാനം! 

ഒറ്റക്കയ്യന്‍റെ മുന്നില്‍ അവളും ഒരുപക്ഷേ ;  
ഇരകള്‍ക്ക് മാറ്റമൊന്നുമില്ല. 
 അമ്മയുടെ ചൂടുപറ്റി ഉറങ്ങിക്കിടന്ന കുഞ്ഞും, 
 പ്രണയത്തിന്‍റെ വശ്യതയില്‍ നഷ്ടങ്ങള്‍ ഏറ്റുവാങ്ങി ആത്മഹത്യയില്‍ അഭയം തേടിയവളും..  

എന്‍റെ 9 വയസ്സുകാരിക്ക് വേണ്ടി പ്രതിരോധത്തിന്‍റെ പുതിയ പാഠങ്ങള്‍
 കണ്ടെത്തേണ്ടിയിരിക്കുന്നു !      
ഇന്നലെ മറ്റു ചില ഇരകളെ കൂടി കണ്ടു.

മുലപ്പാല്‍ അമ്മയുടെ ജീവരക്തമെന്ന  അതിവൈകാരികതക്കപ്പുറം രോഗങ്ങളെ പ്രതിരോധിക്കുന്ന അത്യൌഷധമെന്നശാസ്ത്രീയതയെ പുറന്തള്ളുന്നു കാസര്‍ക്കോട്ടേ ഇരകളായ അമ്മമാര്‍ .

വാത്സല്യത്തിനും പ്രാര്‍ത്ഥനക്കുമൊപ്പം മുലപ്പാലിലൂടെ ആ അമ്മമാര്‍ ഊട്ടുന്നത് എന്‍ഡോസല്ഫാന്‍ കണികകള്‍ കൂടിയാണത്രേ !    

അയ്യോ!..ദൈനംദിന കീറാമുട്ടികള്‍ തീര്‍ക്കുന്നതിനു പകരം നാട്ടുകാര്യം പറഞ്ഞു സമയം കളഞ്ഞു.
ചോറ് വേണോ ചപ്പാത്തി വേണോ എന്നതാണ് ഇപ്പോഴത്തെ മുഖ്യ പ്രശ്നം ..
(ചോറ്  വേണ്ട...obesity ,sugar ,.. എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും ആരോഗ്യം ഞാന്‍ സംരക്ഷിച്ചേ പറ്റൂ.)
നാളെ കണക്കു പരീക്ഷക്കുള്ള ചില സൂത്രവഴികള്‍ മണിക്കുട്ടിയെ പഠിപ്പിക്കണം!     (അവളിപ്പോഴേ സൂത്രങ്ങള്‍ പഠിക്കട്ടെ , ഇനിയെത്ര  കണക്കുകള്‍ കൂട്ടാനും കുറക്കാനുമുള്ളത.)       

Saturday, May 28, 2011

അസ്തമയത്തിലേക്ക് ജാലകങ്ങള്‍ തുറന്നിരിക്കുന്നു..
കുങ്കുമചോപ്പില്‍,കൂട് തേടുന്ന കിളികള്‍ ... ഇല പൊഴിക്കുന്ന മരങ്ങള്‍ ...
എന്തോ ഞാനിപ്പോള്‍ പ്രണയിക്കുന്നത്‌ ഈ ശാന്തതയെയാണ്

Friday, May 20, 2011

വസന്തം 
നിനക്ക് വേണ്ടി വിരിയിച്ച  കാട്ടു പൂവാണ്  ഞാന്‍ .
കുസൃതിക്കാരനായ കുട്ടിയെപ്പോലെ 
നിനക്ക് വേണമെങ്കില്‍  
ഓരോ ഇതളായി 
അടര്‍ത്തിയെടുത്ത്‌ കശക്കി എറിയാം 
അല്ലെങ്കില്‍, ഗുണമില്ലെന്ന്  തള്ളിക്കളയാം
അതുമല്ലെങ്കില്‍ ,
സൌമ്യമായ് ഉമ്മവെച്ച്  സുഗന്ധത്തെ ആത്മാവിലേക്കാവാഹിക്കാം.
അതെന്തായാലും 
വസന്തം എന്നെ വിരിയിച്ചതു  നിനക്ക് വേണ്ടിയാണ്‌!    

ആഞ്ഞടിച്ചുയരുന്ന   കടല്‍ പോലെ  അതെന്നെ ചുഴറ്റി എറിഞ്ഞു  !
പാഞ്ഞടുത്ത പ്രണയത്തിരകള്‍ 
എല്ലാ പാപക്കറകളും  ഒപ്പിയെടുത്ത്
എന്നെ വിശുദ്ധയാക്കി!
വെയിലില്‍ തിളങ്ങി,
കാറ്റില്‍ കുളിര്‍ന്നു
ഞാനിങ്ങനെ 

ചിരിക്കാന്‍ മറന്നുപോയത്  കൊണ്ടാണ്
നിങ്ങള്‍ക്ക് എന്‍റെ വാക്കുകള്‍ കേള്‍ക്കാനാവാത്തത്‌.
ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു ..
ഇലപൊഴിയും പോലെ 
ആകാശതെളിമയിലെ  മേഘശകലം  പോലെ
ശാന്തമായ് ...സാന്ദ്രമായ്
ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

വെയിലിന്‍റെ നിറഭേദങ്ങള്‍  കൊണ്ടാണ്
ഞാന്‍ കാലത്തെ അടയാളപ്പെടുത്തുന്നത് 
ഓരോ പ്രഭാതത്തിനും അമ്മയുടെ മണമാണ് .
തിരക്കിട്ട് പണികള്‍ തീര്‍ത്ത്
വെള്ളമിറ്റുന്ന മുടിത്തുമ്പു കെട്ടി 
പുലര്‍ വെയിലില്‍ 
വയല്‍ പച്ചയിലൂടെ  അമ്മ നടന്നു നീങ്ങുമ്പോള്‍ 
എന്‍റെ കവിളില്‍ 
വെളിച്ചെണ്ണ മിനുപ്പുള്ള  മുടിത്തുമ്പിഴഞ്ഞ
അമ്മയുടെ മണമുള്ള കുളിര് .

നാട്ടുവഴിയില്‍ 
ഒറ്റ മൈനയെ കാണാതിരിക്കാന്‍ 
കണ്ണടച്ചു നടന്നപ്പോള്‍ ,
കണക്കു പുസ്തകത്തിലെ 
കൂട്ടല്‍ കുറക്കലുകള്‍ ഒക്കാതടിക്കിട്ടിയപ്പോള്‍ 
വയലിറമ്പില്‍ 
കളിക്കൂട്ടുകാരനില്ലാത്ത സങ്കടം പെയ്തു തീര്‍ത്തപ്പോള്‍ 
വെയിന് ചൂട് പിടിച്ചു തുടങ്ങിയിരുന്നു 

പുറത്ത് ഉച്ച കനക്കുമ്പോള്‍ 
ഉള്ളില്‍ പ്രണയവും കനക്കുന്നു 
മിഴിനിറയെ പുഴപോലെ സ്നേഹം നിറച്ച് 
അവന്‍ കാത്തു നിന്ന മണല്‍ പരപ്പിന്‍റെ ചൂട് 
ഇപ്പോഴുമെന്നെ പൊള്ളിക്കുന്നു 
വിയര്‍പ്പിറ്റുന്ന മുഖമോടെ 
'കാക്കക്കാലിന്‍റെ തണല് പോലുമില്ലാത്ത 
ഈ ദുര്‍വിധിയുടെ മരുഭൂമിയില്‍ 
ഒരു നീരുറവ പോലെ 
എന്‍റെ പെണ്ണെന്നെ കാത്തിരിക്കുന്നു' എന്ന് 
അവനെന്‍റെ കാതില്‍ കവിതയായ് നിറഞ്ഞതും 
പുഴയുടെ കുളിരില്‍ ഉച്ച കനത്തപ്പോഴാണ്

സായാഹ്നങ്ങള്‍ അന്നുമിന്നും കാത്തിരിപ്പിന്‍റെ അടയാളങ്ങള്‍ 
കുട്ടികളുടെ കലപില കേട്ട് 
ചേച്ചിയ്ക്കായ്‌ ദൂരേയ്ക്ക് നോക്കിയിരിക്കുന്ന 
രണ്ടു മുന്തിരി കണ്ണുകള്‍  ഇന്നും  നൊമ്പരം  
 കടല്‍ കടന്നു 
രാജകുമാരനെത്തുന്ന കഥകള്‍ കേള്‍ക്കാത്ത   
പിന്നെ , സ്വയം കഥകള്‍ മെനെഞ്ഞെടുത്ത 
ബാല്യ കൌമാരങ്ങളിലെ കാത്തിരിപ്പ് 
പ്രണയവും വിരഹവും നിറം കൊടുത്ത 
യൌവ്വനത്തിന്‍റെ കാത്തിരിപ്പ് 
വാത്സല്യം മുഴുവന്‍ ആറ്റിക്കുറുക്കി 
അവള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് 
ഓരോ സായാഹ്നവും ഓരോ കാത്തിരിപ്പിന്‍റെ  അടയാളങ്ങളാണ്