Friday, May 20, 2011


വെയിലിന്‍റെ നിറഭേദങ്ങള്‍  കൊണ്ടാണ്
ഞാന്‍ കാലത്തെ അടയാളപ്പെടുത്തുന്നത് 
ഓരോ പ്രഭാതത്തിനും അമ്മയുടെ മണമാണ് .
തിരക്കിട്ട് പണികള്‍ തീര്‍ത്ത്
വെള്ളമിറ്റുന്ന മുടിത്തുമ്പു കെട്ടി 
പുലര്‍ വെയിലില്‍ 
വയല്‍ പച്ചയിലൂടെ  അമ്മ നടന്നു നീങ്ങുമ്പോള്‍ 
എന്‍റെ കവിളില്‍ 
വെളിച്ചെണ്ണ മിനുപ്പുള്ള  മുടിത്തുമ്പിഴഞ്ഞ
അമ്മയുടെ മണമുള്ള കുളിര് .

നാട്ടുവഴിയില്‍ 
ഒറ്റ മൈനയെ കാണാതിരിക്കാന്‍ 
കണ്ണടച്ചു നടന്നപ്പോള്‍ ,
കണക്കു പുസ്തകത്തിലെ 
കൂട്ടല്‍ കുറക്കലുകള്‍ ഒക്കാതടിക്കിട്ടിയപ്പോള്‍ 
വയലിറമ്പില്‍ 
കളിക്കൂട്ടുകാരനില്ലാത്ത സങ്കടം പെയ്തു തീര്‍ത്തപ്പോള്‍ 
വെയിന് ചൂട് പിടിച്ചു തുടങ്ങിയിരുന്നു 

പുറത്ത് ഉച്ച കനക്കുമ്പോള്‍ 
ഉള്ളില്‍ പ്രണയവും കനക്കുന്നു 
മിഴിനിറയെ പുഴപോലെ സ്നേഹം നിറച്ച് 
അവന്‍ കാത്തു നിന്ന മണല്‍ പരപ്പിന്‍റെ ചൂട് 
ഇപ്പോഴുമെന്നെ പൊള്ളിക്കുന്നു 
വിയര്‍പ്പിറ്റുന്ന മുഖമോടെ 
'കാക്കക്കാലിന്‍റെ തണല് പോലുമില്ലാത്ത 
ഈ ദുര്‍വിധിയുടെ മരുഭൂമിയില്‍ 
ഒരു നീരുറവ പോലെ 
എന്‍റെ പെണ്ണെന്നെ കാത്തിരിക്കുന്നു' എന്ന് 
അവനെന്‍റെ കാതില്‍ കവിതയായ് നിറഞ്ഞതും 
പുഴയുടെ കുളിരില്‍ ഉച്ച കനത്തപ്പോഴാണ്

സായാഹ്നങ്ങള്‍ അന്നുമിന്നും കാത്തിരിപ്പിന്‍റെ അടയാളങ്ങള്‍ 
കുട്ടികളുടെ കലപില കേട്ട് 
ചേച്ചിയ്ക്കായ്‌ ദൂരേയ്ക്ക് നോക്കിയിരിക്കുന്ന 
രണ്ടു മുന്തിരി കണ്ണുകള്‍  ഇന്നും  നൊമ്പരം  
 കടല്‍ കടന്നു 
രാജകുമാരനെത്തുന്ന കഥകള്‍ കേള്‍ക്കാത്ത   
പിന്നെ , സ്വയം കഥകള്‍ മെനെഞ്ഞെടുത്ത 
ബാല്യ കൌമാരങ്ങളിലെ കാത്തിരിപ്പ് 
പ്രണയവും വിരഹവും നിറം കൊടുത്ത 
യൌവ്വനത്തിന്‍റെ കാത്തിരിപ്പ് 
വാത്സല്യം മുഴുവന്‍ ആറ്റിക്കുറുക്കി 
അവള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് 
ഓരോ സായാഹ്നവും ഓരോ കാത്തിരിപ്പിന്‍റെ  അടയാളങ്ങളാണ്  

No comments:

Post a Comment